ഇലഞ്ഞിത്തറ മേളം മുതല്‍ കുടമാറ്റവിസ്മയം വരെ: കാഴ്ചയുടെ ഉച്ചസ്ഥായില്‍ തൃശൂര്‍ പൂരം
തൃശൂര്‍: പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം വാനില്‍ ഉയര്‍ന്നു. കുടമാറ്റത്തിനായി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യം പാറമേക്കാവാണ് പുറത്തേക്ക് ഇറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍ നിറഞ്ഞത്. കിഴക്കൂട്ട് അനിയന്‍ മാരാരിന്റെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം നാദവിസ്മയം തീര്‍ത്തപ്പോൾ, തിരുവമ്പാടിയുടെ പാണ്ടിമേളം ആരാധകരെ ആവേശത്തിലാഴ്ത്തി. കൊങ്ങാട് മധുവാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിന്റെ പ്രമാണി. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരിന്റെ നേതൃത്വത്തിലായിരുന്നു പാണ്ടിമേളം. പാറമേക്കാവിന്റെ അമ്മയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് 12 മണിക്ക് പതിനഞ്ച് ആനകളുടെ അകമ്പടിയോടെ ആരംഭിച്ചപ്പോള്‍, ചെമ്പടമേളം ആകാശത്തോളം ഉയർന്നു. ഗുരുവായൂര്‍ നന്ദന്‍ ആണ് ഇത്തവണ പാറമേക്കാവിന്റെ തിടമ്പേറ്റിയ ആന. പതിനായിരക്കണക്കിന് ആളുകളാണ് മേളവും എഴുന്നള്ളിപ്പും അനുഭവിക്കാന്‍ തീരെ ചൂടെനന്നാതെ തേക്കിന്‍കാട് മൈതാനത്തേക്ക് ഒഴുകിയത്. രാവിലെ 7.30ന് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യമായി വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന്, മറ്റ് ദേവതകളായ ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാരുടേയും എഴുന്നള്ളിപ്പുകള്‍ നടന്നു.